കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിൽ; സർക്കാർ എന്താണ് ചെയ്യുന്നതെന്ന് സതീശൻ
Tuesday, February 11, 2025 3:10 PM IST
തിരുവനന്തപുരം: കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കഞ്ചാവിന്റെ കാലം പോയി. സംസ്ഥാനത്ത് രാസലഹരികള്‍ ഒഴുകുകയാണെന്ന് സതീശന് നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സതീശൻ. മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള വിമുക്തി പദ്ധതി പരാജയമെന്ന് സതീശൻ പറഞ്ഞു.
കുറച്ച് ഫോട്ടോയും ബാനറും പ്രദര്‍ശിപ്പിക്കുന്നതായി പദ്ധതി മാറി. വൃത്തിയുള്ള ഒരു ഇന്റലിജന്‍സ് സംവിധാനം പോലും എക്സൈസിനില്ലെന്നും സതീശൻ വിമർശിച്ചു.
ലഹരിക്കേസുകള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം തന്നെ മാറി. പുറത്തിറങ്ങി നടക്കാന്‍ ആളുകള്‍ക്ക് പേടിയാണ്. എവിടെവച്ചും ആരും ആക്രമിക്കപ്പെടാമെന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ഈ മാഫിയയെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും സതീശന് ചോദിച്ചു.