"ബന്ദികളെയെല്ലാം വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കും': ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
Tuesday, February 11, 2025 3:09 PM IST
വാഷിംഗ്ടൺ ഡിസി: ബന്ദികളെ വിട്ടയയ്ക്കുന്നത് നിർത്തിവയ്ക്കുമെന്നു ഹമാസ് പ്രഖ്യാപിച്ചതിനു പിന്നാലെ അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 15നുള്ളിൽ ഗാസയിൽനിന്ന് മുഴുവൻ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ ഇനി കൈമാറില്ലെന്നു ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഹമാസിന്റെ നീക്കത്തെ ഭയാനകം എന്നാണു ട്രംപ് വിശേഷിപ്പിച്ചത്.
‘ശേഷിക്കുന്ന എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാൻ എന്റെ കാര്യമാണ് പറയുന്നത്. ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, ഗാസയിൽ വീണ്ടും നരകം സൃഷ്ടിക്കും.’ - ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.
വെടിനിർത്തലിനുശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് അറിയാമെന്നുമായിരുന്നു ട്രംപിന്റെ മറുപടി. താൻ നിർദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്നു നേരത്തേ ട്രംപ് പറഞ്ഞിരുന്നു. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്നും ഗാസയിൽനിന്നു മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.