അടിച്ചുജയിക്കണം, അല്ലെങ്കിൽ പിടിച്ചുനില്‍ക്കണം: കേരളത്തിന് ജയിക്കാൻ 399
Tuesday, February 11, 2025 2:33 PM IST
പൂന: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാഷ്മീരിനെതിരേ കേരളത്തിനു ജയിക്കാൻ 399 റണ്‍സ്. രണ്ടാമിന്നിംഗ്സിൽ ജമ്മു ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ജമ്മു ഒരു റണ്‍സിന്റെ വഴങ്ങിയിരുന്നു.
സെഞ്ചുറി നേടിയ നായകൻ പരസ് ദോഗ്രയുടെയും അർധസെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കനയ്യ വധവാന്റെയും (64) സാഹിൽ ലോത്രയുടെയും (59) മികവിലാണ് ജമ്മു കാഷ്മീർ മികച്ച സ്കോർ പടുത്തുയർത്തിയത്. 232 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 132 റൺസെടുത്ത ദോഗ്രയാണ് ടോപ് സ്കോറർ.
ഇവർക്കു പുറമെ, വിവ്രാന്ത് ശർമ (37), ലോണെ നസീർ മുസാഫർ (28), യുധ്വിർ സിംഗ് (27) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്‍കിയതോടെയാണ് സ്കോർ നാനൂറിനടുത്തെത്തിയത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് 89 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ എൻ.പി. ബേസിൽ, ആദിത്യ സർവാതെ എന്നിവർ രണ്ടുവിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാമിന്നിംഗ്സിൽ 281 റൺസെടുത്ത കേരളം ഒരു റണ്ണിന്റെ നിർണായക ലീഡ് സ്വന്തമാക്കിയിരുന്നു. മത്സരം സമനിലയിൽ കലാശിച്ചാൽ പോലും കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ സെമിയിലേക്കു മുന്നേറാം.