രഹാനെയ്ക്ക് സെഞ്ചുറി; രഞ്ജിയില്‍ മുംബൈക്കെതിരേ ഹരിയാനയ്ക്ക് 354 റണ്‍സ് വിജയലക്ഷ്യം
Tuesday, February 11, 2025 11:47 AM IST
കോല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈക്കെതിരെ ഹരിയാനയ്ക്ക് 354 റണ്‍സ് വിജയലക്ഷ്യം. മുംബൈ രണ്ടാം ഇന്നിംഗ്സില്‍ 339ന് പുറത്താവുകയായിരുന്നു.
നാലാംദിനം നായകൻ അജിങ്ക്യ രഹാനെയുടെ (108) സെഞ്ചുറിയുടെയും സൂര്യകുമാർ യാദവിന്റെ (70) അർധസെഞ്ചുറിയുടെയും കരുത്തിലാണ് മുൻ ചാമ്പ്യന്മാർ മാന്യമായ സ്കോറിലെത്തിയത്. ശിവം ദുബെ (48), സിദ്ധേഷ് ലാഡ് (43) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
അതേസമയം, രഹാനെ പുറത്തായതിനു പിന്നാലെ വിക്കറ്റുകൾ കൂട്ടത്തോടെ നിലംപൊത്തിയത് മുംബൈക്ക് തിരിച്ചടിയായി. 25 റൺസിനിടെയാണ് ശേഷിച്ച അഞ്ചുവിക്കറ്റുകളും വീണത്. ഷംസ് മുലാനി (അഞ്ച്), ശാർദുൽ താക്കൂർ (ആറ്), തനുഷ് കോട്യാൻ (ആറ്), മോഹിത് അവാസ്തി (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
ഹരിയാനയ്ക്ക് വേണ്ടി അനുജ് തക്രാള്‍ 70 റൺസ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. അൻഷുൽ കാംബോജ്, എസ്.പി. കുമാർ, ജെ.ജെ. യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹരിയാന ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 31 റൺസെടുത്തിട്ടുണ്ട്. 17 റൺസുമായി ലക്ഷ്യ സുമൻ ദലാലും ഒരു റണ്ണുമായി യഷ്വർധൻ ദലാലുമാണ് ക്രീസിൽ. 11 റൺസെടുത്ത നായകൻ അങ്കിത് കുമാറിന്റെ വിക്കറ്റാണ് നഷ്ടമായത്. ഒമ്പതു വിക്കറ്റുകൾ ശേഷിക്കേ അവർക്ക് ഇനി ജയിക്കാൻ 323 റൺസ് വേണം.