ബംഗാളിൽ കോൺഗ്രസ് ഒന്നുമല്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത
Tuesday, February 11, 2025 11:28 AM IST
കോൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പഞ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നും പാർട്ടി അധ്യക്ഷ കൂടിയായ മമത പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തുമെന്നും നിയമസഭ ബജറ്റ് സെഷന് മുന്നോടിയായി വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ മമത പറഞ്ഞു.
ഡൽഹിയിൽ ആം ആദ്മിയെ കോൺഗ്രസ് സഹായിച്ചിട്ടില്ല. ഹരിയാനയിൽ കോൺഗ്രസിനെ ആം ആദ്മി സഹായിച്ചിട്ടില്ല. രണ്ട് സംസ്ഥാനത്തും ബിജെപി അധികാരത്തിലെത്തി.
എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എന്നാൽ ബംഗാളിൽ കോൺഗ്രസ് ഒന്നുമല്ല. ഞങ്ങൾ ഒറ്റക്ക് പോരാടും. ജയിക്കാൻ ഞങ്ങൾ ഒറ്റക്ക് മതിയെന്നും മമത പറഞ്ഞു.
ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പോവില്ലെന്ന് സമാന ചിന്താഗതിയുള്ള പാർട്ടികൾക്ക് ധാരണയുണ്ടാകണം. ഒന്നിച്ചുനിന്നില്ലെങ്കിൽ ദേശീയതലത്തിൽ ബിജെപിയെ തടയൽ ഇന്ത്യാ മുന്നണിക്ക് പ്രയാസമാകുമെന്നും മമത കൂട്ടിച്ചേർത്തു.