പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Tuesday, February 11, 2025 9:11 AM IST
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകും.
വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ, വളപ്പിലെ മതിൽ, വേലികൾ, ഉണക്കുന്ന അറകൾ, എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ്ഡിആർഎഫിൽ നിന്ന് അനുവദിക്കാനും തീരുമാനമായി.
സംസ്ഥാനത്തെ വന്യമൃഗ ആക്രമണങ്ങളുടെ തീവ്രത കണക്കിലെടുത്ത് മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ സർക്കാർ തീരുമാനിച്ചിരുന്നു. മനുഷ്യ-മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.