വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
Tuesday, February 11, 2025 9:05 AM IST
കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്.
കാട്ടാന ശല്യമുള്ള വനാതിര്‍ത്തി മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് പാടത്ത് മരിച്ച നിലയിൽ മനുവിനെ കണ്ടെത്തുകയായിരുന്നു.
മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ നാൽപ്പത്തിയഞ്ചുകാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത സംഭവം.