ട്രെയിനിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
Tuesday, February 11, 2025 4:05 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. 26കാരിയെ മദ്യലഹരിയിൽ യുവാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വിരുദുനഗർ സ്വദേശിയായ സതീശ് കുമാർ ആണ് അറസ്റ്റിലായത്.
പ്രതിയെ ദിണ്ടിഗലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈറോഡ് കാരിയായ യുവതിക്ക് നേരെയാണ് സതീശ് കുമാർ ലൈംഗികാതിക്രമം നടത്തിയത്.
അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രാത്രി വൈകിയുള്ള ട്രെയിനിൽ ഈറോഡിലേക്ക് തിരിച്ചതായിരുന്നു യുവതി. ട്രെയിൻ തൂത്തുക്കുടി വിട്ടതും വിരുദുനഗർ സ്വദേശിയായ സതീശ് കുമാർ യുവതിയുടെ തൊട്ടടുത്തായി വന്നിരുന്നു. മദ്യപിച്ചിരുന്ന ഇയാൾ കോയമ്പത്തൂരിൽ ഇറങ്ങും എന്നാണ് യുവതിയോടെ പറഞ്ഞത്.
പുലർച്ചെ മൂന്നോട് സതീശ് കുമാർ യുവതിക്ക് നേരേ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. ഭയന്ന യുവതി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിലിറങ്ങി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചു തുടർന്ന് ട്രെയിൻ ദിണ്ടിഗലിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പെയിന്റിംഗ് തൊഴിലാളിയാണ് സതീശ് കുമാർ.