മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ അന്തരിച്ചു
Monday, February 10, 2025 10:52 PM IST
കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂരിലെ പവിത്രൻ അന്തരിച്ചു. ചികിത്സയ്ക്ക് ശേഷം പവിത്രൻ ജനുവരി 24ന് ആശുപത്രി വിട്ടിരുന്നു. വീട്ടിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ശ്വാസകോശ രോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. വെന്റിലേറ്റർ മാറ്റിയാൽ അധികനാൾ ആയുസില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു.
വെന്റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രന്റെ ശ്വാസം നിലച്ചതായി കണ്ടതോടെ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മോർച്ചറിയിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.
11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ട് ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.