കിഫ്ബി അടിയന്തര പ്രമേയത്തിന് അവതരണാനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Monday, February 10, 2025 1:56 PM IST
തിരുവനന്തപുരം: കിഫ്ബി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കിഫ്ബി പദ്ധതികൾ താളം തെറ്റിയെന്ന് ആരോപിച്ച് റോജി എം ജോൺ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം സഭയിൽ ഉന്നയിച്ച അദ്ദേഹം കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്നും ആരോപിച്ചു.
കിഫ്ബി പരാജയപ്പെട്ട മാതൃകയാണെന്നു ചൂണ്ടിക്കാണിച്ച റോജി എം. ജോൺ കിഫ്ബി ബാധ്യത ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. കിഫ്ബി പദ്ധതികൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു. ദേശീയപാത വികസനത്തിന് കിഫ്ബിയിൽ നിന്നാണ് പണം നൽകിയതെന്ന് വ്യക്തമാക്കിയ ധനമന്ത്രി കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികൾ വേണമെന്നാണ് നിലപാടെന്നും സഭയെ അറിയിച്ചു.
നാഷണൽ ഹൈവേ അതോറിറ്റി എല്ലാ നിർമ്മാണവും ടോൾ പിരിച്ചാണ് ചെയ്യുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിലപാടെടുത്ത് കേരളം കൊടുത്ത കേസ് തോൽപ്പിക്കരുത്. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളർത്തുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി വിമർശിച്ചു.
ധനകാര്യ മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംസാരിച്ച പ്രതിപക്ഷ നേതാവ് കിഫ്ബിയെ ഓഡിറ്റ് ചെയ്താല് ഒരു വെള്ളാനയെന്ന് ബോധ്യപ്പെടുമെന്ന് പറഞ്ഞു.
നിയമനവും ശമ്പളവും പരിശോധിക്കപ്പെടണം. കിഫ്ബിയിൽ ഇരുന്ന് ഓരോരുത്തരും എത്ര രൂപയാണ് ശമ്പളം വാങ്ങുന്നത്. കിഫ്ബി സംസ്ഥാനത്തിനും ബജറ്റിനും ബാധ്യത. കിഫ്ബിക്കായി 50 ശതമാനം തുക പ്ലാനിൽ നിന്നും കട്ട് ചെയ്യേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കിഫ്ബി പരാജയപ്പെട്ട മോഡലാണ്. കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ല. പെട്രോൾ മോട്ടോർ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനം. സംസ്ഥാനം ട്രിപ്പിൾ ടാക്സ് പിടിക്കുകയാണ്. ഇന്ധന സെസ്, മോട്ടോർ വാഹന നികുതി എന്നിവയ്ക്ക് പുറമേ ഇപ്പോൾ റോഡ് ടോളിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.