പാതിവില തട്ടിപ്പ്: അനന്തുവില്‍നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴല്നാടൻ
Monday, February 10, 2025 12:50 PM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനില്‍നിന്ന് പണംവാങ്ങിയെന്ന ആരോപണം നിഷേധിച്ച് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന്. താന്‍ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നല്‍കിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ടയിടങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും കുഴല്നാടന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താൻ ഏഴുലക്ഷം രൂപ വാങ്ങിച്ചെന്ന് തെളിയിക്കേണ്ട. സാധാരണക്കാരന്, സാമാന്യജനത്തിന് പ്രഥമദൃഷ്ട്യാ സംശയം തോന്നുന്ന സാഹചര്യങ്ങള്‍ എങ്കിലും ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനലാണ് ഈ വാര്‍ത്ത കൊണ്ടുവന്നത്. അത് തെളിയിക്കാന്‍ ആ ചാനലിനെ മാത്യു കുഴല്നാടന് വെല്ലുവിളിക്കുകയും ചെയ്തു.