ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന് ഇ-മെയില്‍ സന്ദേശം; തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
Sunday, February 9, 2025 7:30 AM IST
തിരുവനന്തപുരം: കേരളം, തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് ഇ-മെയില്‍ സന്ദ്രശം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
ശനിയാഴ്ച ഉച്ചയോടുകൂടിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന് പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്. കുടാതെ വിമാനത്താവള പരിധിയില്‍ കര്‍ശന സുരക്ഷാ പ്രോട്ടോക്കോളുകള്‍ എര്പ്പെടുത്തുകയുമായിരുന്നു.
വിമാനത്താവളത്തിലെ വിമാനങ്ങളെ ഉന്നംവെച്ച് ഇ-മെയില്‍ വഴി ബോംബ് ഭീഷണികള്‍ മുന്‍ വര്‍ഷങ്ങളിലും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളമുളള വിമാനങ്ങള്‍ക്ക് വ്യാജ ഭീഷണികളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു. അപ്പാഴെല്ലാം ഇത്തരം ഭീഷണികള്‍ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
എന്നാല്‍ ഇക്കുറി ഡ്രോണ്‍ ആക്രണണത്തിന് സാധ്യതയുണ്ടെന്ന സന്ദേശം അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഇ-മെയില്‍ സന്ദേശത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് എടുത്ത് പറഞ്ഞിട്ടുമില്ല.
എന്നാല്‍ ഇ-മെയില്‍ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുക മാത്രമാണുണ്ടായതെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.