പാതിവില തട്ടിപ്പിൽ കോഴിക്കോട്ട് പരാതിപ്രളയം; ഇരയായത് 5,544 പേര്, തട്ടിയത് 20 കോടിയിലേറെ
Saturday, February 8, 2025 5:06 PM IST
കോഴിക്കോട്: പാതിവില തട്ടിപ്പില്‍ കോഴിക്കോട്ടെ കേസുകളുടെ എണ്ണം കൂടുന്നു. നിരവധിപ്പേരാണ് ഇപ്പോള്‍ പരാതിയുമായി എത്തികൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മലബാര്‍ മേഖലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികൾ വന്നുകൊണ്ടിരിക്കുന്നത് കോഴിക്കോടാണ്. ജില്ലയില്‍ മാത്രം 5,554 പേര്‍ക്കായി 20 കോടിയോളം നഷ്ടപ്പെട്ടതായാണു വിവരം. ഇനിയും കേസ് കൂടുമെന്നാണ് പോലീസ് നല്കുന്ന വിവരം.
1,100 ഗുണഭോക്താക്കളില്‍ നിന്നു 6.88 കോടി ഗുണഭോക്തൃ വിഹിതമായി കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത സ്കൂട്ടര്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് അടക്കമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്നാണ് കഴിഞ്ഞ ദിവസം അത്തോളി സ്റ്റേഷനില്‍ ലഭിച്ച പരാതി.
തെരുവത്ത്കടവ് കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി മോഹനന് കോട്ടൂരാണ് പരാതിക്കാരന്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാര്‍, സെക്രട്ടറി അനന്തുകൃഷ്ണന്, മറ്റു ഭാരവാഹികളായ ഡോ. ബീന സെബാസ്റ്റ്യന്‍, ഡോ. ഷീബ സുരേഷ് അടക്കമുള്ളവരെ പ്രതി ചേര്‍ത്തിട്ടുണ്ട്.
പാതിവില ഓഫറില്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസാണിത്. നടക്കാവ് സ്റ്റേഷനില്‍ രണ്ടു കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. കോടഞ്ചേരി, ബാലുശേരി, താമരശേരി, ഫറോക്ക് സ്റ്റേഷനുകളിലും വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളില്‍ നിന്നായാണ് ഓരോ സംഘവും ഗുണഭോക്തൃവിഹിതം ഈടാക്കി നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനു കൈമാറിയത്.