വടകരയിൽ സിപിഎമ്മിനെ ഞെട്ടിച്ച് വിമതർ വീണ്ടും തെരുവിൽ
Sunday, February 9, 2025 4:43 AM IST
കോഴിക്കോട്: വടകരയിൽ സിപിഎം നേതൃത്വത്തിനെ വെല്ലുവിളിച്ച് ഒരു വിഭാഗം വീണ്ടും തെരുവിലിറങ്ങി. ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വടകര നടുവയലിലാണ് ഇരുപതോളം പേർ പ്രകടനം നടത്തിയത്.
പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്. കഴിഞ്ഞ അഞ്ചാം തീയതിയും വടകരയിൽ സമാനമായ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് മുമ്പ് പ്രതിഷേധം ഉണ്ടായത്. ഇരുപതോളം പ്രവർത്തകരാണ് അന്ന് പ്രകടനം നടത്തിയത്.
വടകരയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് വടകര മുന്‍ ഏരിയാ സെക്രട്ടറി പി.കെ. ദിവാകരന് അടക്കം 11 പേരെ ഒഴിവാക്കാൻ തീരുമാനിച്ചത്. പുതുതായി 13 പേരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് എത്തിയത്.
വടകര ഏരിയാ സമ്മേളനത്തില്‍ മത്സരം നടന്നതാണ് ദിവാകരനെ പുറത്താക്കാനുള്ള കാരണമെന്നാണ് സൂചന. ഏരിയാ സമ്മേളനത്തില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു.
ജില്ലാ സെക്രട്ടറി കെ.പി.മോഹനന് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായിരുന്നില്ല. ഈ മത്സരത്തില്‍ ദിവാകരന് ബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മത്സരമൊഴിവാക്കാന്‍ ദിവാകരന് ഇടപെട്ടില്ലെന്നാണ് എതിരെയുള്ള വാദം.