ജലക്ഷാമം രൂക്ഷം; വെറ്ററിനറി സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ
Sunday, February 9, 2025 3:19 AM IST
മണ്ണുത്തി: ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ ക്ലാസുകൾ ഓൺലൈനാക്കി. വെള്ളമില്ലാത്തതിനാൽ രണ്ടാഴ്ച മുൻപ് ഹോസ്റ്റലുകൾ അടച്ചിരുന്നു. അന്നു മുതൽ ക്ലാസുകൾ ഓൺലൈനിലാണ്.
15 വരെ ക്ലാസുകൾ ഓൺലൈനായി തുടരാനാണ് നിലവിലെ തീരുമാനം. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ജലദൗർലഭ്യം രൂക്ഷമാകാറുള്ളത്. എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ തന്നെ ഹോസ്റ്റലുകൾ അടയ്ക്കേണ്ടി വന്നു.
പീച്ചിയിൽ നിന്നു നേരിട്ട് വെറ്ററിനറി സർവകലാശാലയിലേക്ക് വെള്ളം എത്തിച്ചിരുന്ന പൈപ്പ് ദേശീയപാത വികസനത്തെ തുടർന്ന് തകർന്നിരുന്നു. കണക്ഷൻ പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടായില്ല. ഇതാണ് കാമ്പസിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു.