സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെയും യെമന്‍ പൗരന്റെയും വധശിക്ഷ നടപ്പാക്കി
Sunday, February 9, 2025 12:54 AM IST
റിയാദ്: സൗദിഅറേബ്യയില്‍ മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെയും യെമന്‍ പൗരന്റെയും വധശിക്ഷ നടപ്പാക്കി.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ധിഖിനെ റിയാദിലെ കടയില്‍ വച്ച് കവര്‍ച്ചക്കിടെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
സംഭവത്തിൽ സൗദി പൗരന് റയാന് ബിന്‍ ഹുസൈന് ബില്‍ സഅദ് അല്‍ശഹ്റാനി, യമന്‍ പൗരനായ അബ്ദുള്ള അഹമ്മദ് ബാസഅദ് എന്നിവരെയാണ് സൗദി ഭരണകൂടം വധിച്ചത്. ഇക്കാര്യം സൗദി ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്.
2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റിയാദ് ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. റിയാദിലെ ഒരു കടയില്‍ വച്ചാണ് ആളൊഴിഞ്ഞ നേരത്ത് കവര്‍ച്ചയ്ക്കെത്തിയ പ്രതികള്‍ സിദ്ധിഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കടയില്‍ നിന്ന് നിരവധി സാധനങ്ങളും പണവും മോഷണം പോയിരുന്നു. സിദ്ധിഖ് ജോലി ചെയ്തിരുന്ന റിയാദ് അസീസിയ എക്സിറ്റ് 22ലെ മാര്‍ക്കെറ്റിനരികിലെ ഒരു കടയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.
റിയാദ് കോടതിയുടെ വധശിക്ഷ വിധി അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും വധിച്ചത്.