കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
Saturday, February 8, 2025 11:31 PM IST
കൊച്ചി: കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായി പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന് (29) ആണ് പരിക്കേറ്റത്.
കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡിലായിരുന്നു സംഭവം. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച് രാത്രി എട്ടിനാണ് സംഭവമുണ്ടായത്. അഖില്‍ കോതമംഗലത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു.
റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്.