ഡൽഹിയിലെ ഫലം കേരളത്തിനുള്ള സന്ദേശം; ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം: അനിൽ ആന്റണി
Saturday, February 8, 2025 10:29 PM IST
ന്യൂഡൽഹി: മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഡൽഹിയിലെ ജനവിധിയെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ഡൽഹിയിൽ കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി. ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്നും അനിൽ പറഞ്ഞു.
ആകെ 70 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ ബിജെപിയും 22 സീറ്റുകളിൽ എഎപിയുമാണ്. എന്നാൽ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും നേടാനായില്ല. ആദ്യഘട്ടം മുതൽ ഒരു സീറ്റിൽ ലീഡ് നിലനിർത്തിയെങ്കിലും വോട്ടെണ്ണൽ അവസാനമിനിറ്റുകളിലേക്ക് നീങ്ങിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി മാറുകയായിരുന്നു.
കേജരിവാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് എഎപിയുടെ കോട്ട തകര്‍ത്തുകൊണ്ടാണ് ഡൽഹിയിൽ ബിജെപിയുടെ ഗംഭീര തിരിച്ചുവരവ്. അഴിമതി വിരുദ്ധ പോരാളിയെന്ന കേജരിവാളിന്റെ ശക്തമായ പ്രതിച്ഛായ തുടച്ചുനീക്കിക്കൊണ്ടുള്ള പ്രചാരണത്തിനാണ് ബിജെപി ഊന്നല്‍ കൊടുത്തത്.