വെല്ലൂരിൽ പീഡനശ്രമത്തിനിടെ പ്രതി ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു
Saturday, February 8, 2025 8:18 PM IST
ചെന്നൈ: വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് 36കാരി.
നാലു മാസം ഗർഭിണിയായ ഇവർ കഴിഞ്ഞ ദിവസമാണ് ഓടുന്ന ട്രെയിനിൽവച്ച് പീഡനത്തിനിരയായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം.
ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. പീഡനശ്രമം ചെറുത്തതോടെ യുവതിയെ പ്രതി ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടതായാണ് വിവരം. സംഭവത്തിൽ കെവി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ജോളാർപേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽകയറിയ പ്രതി ലേഡീസ് കമ്പാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയതോടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി യുവതിയെ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റ യുവതിയെ സമീപത്തുകൂടി പോയവരാണ് ആശുപത്രിയിൽ എത്തിച്ചത്.