മലപ്പുറത്ത് യുവാവിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് കാരണം പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പോലീസ്
Saturday, February 8, 2025 6:37 PM IST
മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പോലീസ്. 28കാരനായ സുഹൈബിനാണ് വെട്ടേറ്റത്.
18കാരനായ റാഷിദാണ് സുഹൈബിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം മലപ്പുറം സ്വദേശിയായ റാഷിദ് പൊലീസിൽ കീഴടങ്ങിയിരുന്നു.
ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് സുഹൈബ് റാഷിദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ റാഷിദുമായി മുൻ പരിചയമില്ലെന്നും, മുമ്പ് നേരിൽ കണ്ടിട്ട് പോലുമില്ലെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൈബ് പോലീസിന് മൊഴി നൽകിയത്.
വെള്ളിയാഴ്ച രാത്രിയാണ് മദ്രസ അധ്യാപകനായ സുഹൈബിനെ വീടിന് സമീപത്ത് വച്ച് റാഷിദ് വെട്ടിയത്. നാട്ടുകാർ ഓടി കൂടിയതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട റാഷിദ് പുലർച്ചെ മൂന്നോടെ വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഏറെക്കാലമായി മാതാപിതാക്കൾക്കൊപ്പം അബുദാബിയിലായിരുന്ന പ്രതി പ്ലസ് ടു പഠനത്തിന് വേണ്ടിയാണ് കേരളത്തിലേക്കെത്തിയത്. അപകട നില തരണം ചെയ്ത സുഹൈബ് ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.