തലസ്ഥാനത്ത് താമര വസന്തം; സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ച് ബിജെപി
Saturday, February 8, 2025 6:20 PM IST
ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ബിജെപി നേതൃത്വം. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുമായി ജെ.പി. നദ്ദ ചർച്ച നടത്തി. 27 വർഷത്തിനു ശേഷം ഡൽഹിയിൽ ശക്തമായ തിരിച്ചുവരവാണ് ബിജെപി നടത്തിയത്.
ഡൽഹിയിൽ മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ നേരത്തെ പ്രതികരിച്ചിരുന്നു. ആകെ 70 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ ബിജെപിയും 22 സീറ്റുകളിൽ എഎപിയുമാണ്.
എന്നാൽ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും നേടാനായില്ല. ആദ്യഘട്ടം മുതൽ ഒരു സീറ്റിൽ ലീഡ് നിലനിർത്തിയെങ്കിലും വോട്ടെണ്ണൽ അവസാനമിനിറ്റുകളിലേക്ക് നീങ്ങിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി മാറുകയായിരുന്നു.
കേജരിവാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് എഎപിയുടെ കോട്ട തകര്‍ത്തുകൊണ്ടാണ് ഡൽഹിയിൽ ബിജെപിയുടെ ഗംഭീര തിരിച്ചുവരവ്. അഴിമതി വിരുദ്ധ പോരാളിയെന്ന കേജരിവാളിന്റെ ശക്തമായ പ്രതിച്ഛായ തുടച്ചുനീക്കിക്കൊണ്ടുള്ള പ്രചാരണത്തിനാണ് ബിജെപി ഊന്നല്‍ കൊടുത്തത്.