രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഓസ്ട്രേലിയ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച
Saturday, February 8, 2025 6:13 PM IST
ഗല്ലെ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഓസ്ട്രേലിയ. മൂന്നാം ദിനത്തിലെ കളി നിർത്തുന്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന നിലയിലാണ്. ഓസീസിനെക്കാൾ 54 റൺസ് ലീഡ് ഉണ്ടെങ്കിലും രണ്ട് വിക്കറ്റ് മാത്രമാണ് ശ്രീലങ്കൻ ഇന്നിംഗ്സിൽ അവശേഷിക്കുന്നത്.
മൂന്നാം ദിനത്തിലെ അവസാന പന്തിലാണ് ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിലെ എട്ടാം വിക്കറ്റ് നഷ്ടമായത്. അതിനാൽ 48 റൺസെടുത്ത കുശാൽ മെൻഡീസ് മാത്രമാണ് ക്രീസിലുള്ളത്. 76 റൺസെടുത്ത എഞ്ചലോ മാത്യൂസ് ആണ് രണ്ടാം ഇന്നിംഗ്സിൽ ലങ്കയുടെ ടോപ്സ്കോറർ. നായകൻ ധനഞ്ജയ് ഡി സിൽവ 23 റൺസ് നേടി.
ഓസീസിന് വേണ്ടി മാത്യു കുനേമാൻ നാല് വിക്കറ്റെടുത്തു. നഥാൻ ലയോൺ മൂന്നും ബ്യു വെബ്സ്റ്റർ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 257 റൺസാണ് എടുത്തത്. ഓസ്ട്രേലിയ 414 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടിയത്.