രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജമ്മു കാഷ്മീരിന് ബാറ്റിംഗ് തകർച്ച
Saturday, February 8, 2025 5:39 PM IST
പൂന: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ ജമ്മു കാഷ്മീരിന് ബാറ്റിംഗ് തകർച്ച. ആദ്യ ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 എന്ന നിലയിലാണ് ജമ്മു കാഷ്മീർ.
യുദ്വീർ സിംഗ് ചരകും ഓഖിബ് നബി ദാറുമാണ് ക്രീസിലുള്ളത്. ചരക് 17 ഉം നബി ദാർ അഞ്ചും റൺസെടുത്തിട്ടുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ജമ്മു കാഷ്മീറിന് 67 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ശുഭം ഖജൂറിയ (14), യവേർ ഹസൻ (24), വിവ്രാന്ദ് ശർമ ( 8) , പരസ് ഡോഗ്ര (14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
പിന്നീട് ഒത്തുച്ചേർന്ന കനയ്യ വാധവൻ-സാഹിൽ ലോട്ര സഖ്യമാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. മികച്ച ഷോട്ടുകളിലൂടെ ഇരുവരും ടീം സ്കോർ ഉയർത്തി. എന്നാൽ ടീം സ്കോർ 122ൽ നിൽക്കെ കനയ്യ വാധവൻ പുറത്തായി. 48 റൺസാണ് വാധവൻ എടുത്തത്. ടീം സ്കോർ 173 ൽ എത്തിയപ്പോൾ സാഹിൽ ലോട്രയുടെ വിക്കറ്റും നഷ്ടപ്പെട്ടു. 35 റൺസ് നേടിയാണ് താരം പുറത്തായത്.
44 റൺസെടുത്ത ലോൺ നസീർ മുസാഫർ പൊരുതിയെങ്കിലും ടീം സ്കോർ 204ൽ നിൽക്കെ പുറത്തായി. പിന്നാലെ 19 റൺസെടുത്ത ആബിദ് മുഷ്താഖിന്റെ വിക്കറ്റും നഷ്ടപ്പെട്ടു. ഇതോടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 210 എന്ന നിലയിലായി ജമ്മു കാഷ്മീർ. പിന്നീടാണ് യുദ്വീർ സിംഗ് ചരകും ഓഖിബ് നബി ദാറും ഒത്തുച്ചേർന്നത്.
കേരളത്തിന് വേണ്ടി എം.ഡി നിതീഷ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. നെടുമൺകുഴി ബേസിൽ, ബേസിൽ തന്പി, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.