പരാജയം അംഗീകരിക്കുന്നു, ബിജെപിക്കെതിരായ പോരാട്ടം തുടരും: അതിഷി
Saturday, February 8, 2025 4:54 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പാർട്ടിക്ക് ഉണ്ടായ പരാജയം അംഗീകരിക്കുന്നതായി ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി. പരാജയത്തെക്കുറിച്ച്ക്കുറിച്ച് പഠിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അതിഷി പറഞ്ഞു. കൽക്കാജി മണ്ഡലത്തിൽ 3580 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചതിന് പ്രതികരിക്കുകയായിരുന്നു അവർ.
"കൽക്കാജിയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. വിജയിത്തിനായി തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി. എന്നാൽ ഇത് വിജയം ആഘോഷിക്കാൻ ഉള്ള സമയമല്ല. പാർട്ടി പരാജയപ്പെട്ടിരിക്കുന്നു. ശക്തമായി തിരിച്ചുവരേണ്ടതുണ്ട്.'-അതിഷി പറഞ്ഞു.
ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്നും അതിഷി വ്യക്തമാക്കി. ജനങ്ങൾക്കായി തുടർന്നും പ്രവർത്തനം തുടരുമെന്നും ശക്തമായ പ്രതിപക്ഷമായി പാർട്ടി ഉണ്ടായകുമെന്നും അവർ പറഞ്ഞു. അരവിന്ദ് കേജരിവാളും മനീഷ് സിസോദിയയും അടക്കമുള്ള പ്രബലർ പരാജയപ്പെട്ട തെരഞ്ഞെടുപ്പിൽ അതിഷിയുടെ വിജയമാണ് ആംആദ്മി പാർട്ടിക്ക് ആശ്വാസമായത്.