‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’: ഡൽഹി ഫലത്തിനു പിന്നാലെ ആഞ്ഞടിച്ച് ഒമർ അബ്ദുള്ള
Saturday, February 8, 2025 11:57 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി ഭരണം പിടിച്ച സാഹചര്യത്തിൽ എഎപിക്കും കോൺഗ്രസിനുമെതിരേ രൂക്ഷവിമർശനവുമായി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.
‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ എക്സിൽ കുറിച്ചത്. ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസും എഎപിയും രണ്ടായി മത്സരിച്ചത് തിരിച്ചടിയായെന്ന വിലയിരുത്തലിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യമായി മത്സരിച്ച കോൺഗ്രസിനും എഎപിക്കും സീറ്റ് നേടാനായില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചത്. എന്നാൽ ബിജെപി ഇതര വോട്ടുകൾ ഭിന്നിച്ചതോടെ കനത്ത തോൽവിയാണ് ഇരുപാർട്ടികൾക്കും നേരിടേണ്ടിവന്നത്. ആകെ 70 സീറ്റിൽ 45 എണ്ണത്തിൽ ബിജെപി ലീഡ് പിടിച്ചപ്പോൾ എഎപിക്ക് 25 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.