സൽമാൻ ഖാനെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചു
Saturday, February 8, 2025 5:28 AM IST
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.
സൽമാൻ ഖാനെ പൻവേലിലെ ഫാം ഹൗസിന് സമീപം വച്ച് കൊലപ്പെടുത്താൻ ബിഷ്ണോയി സംഘം ഗൂഡാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം അറസ്റ്റിലായ രണ്ട് പേർക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഗൗരവ് ഭാട്ടിയ എന്ന സന്ദീപ് ബിഷ്ണോയി, വാസ്പി മെഹ്മൂദ് ഖാൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എൻ.ആർ. ബോർക്കർ അംഗീകരിച്ചത്.
സൽമാൻ ഖാന്റെ മുംബൈക്കടുത്തുള്ള പൻവേലിലുള്ള ഫാംഹൗസിലും ബാന്ദ്രയിലെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിലും സിനിമാ ഷൂട്ടിങ്ങിനായി അദ്ദേഹം സന്ദർശിച്ച ചില സ്ഥലങ്ങളിലും മറ്റു പ്രതികൾക്കൊപ്പം ഇരുവരും ചേർന്ന് ഗൂഡാലോചന നടത്തിയിരുന്നതായി നവി മുംബൈ പോലീസ് കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു.
തുടർന്ന്, താരത്തെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ലോറൻസ് ബിഷ്ണോയി സംഘത്തിലെ 18 പേർക്കെതിരെ കേസെടുത്തു. 2024 ഏപ്രിലിൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിന് പുറത്ത് ബിഷ്ണോയ് സംഘത്തിലെ രണ്ട് അംഗങ്ങൾ വെടിയുതിർത്തിരുന്നു.