28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം
Friday, February 7, 2025 9:29 PM IST
ഡെറാഡൂൺ: ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ തകർത്ത് കേരളത്തിനു സ്വർണം. ഏകപക്ഷീയമായ ഒരു ഗോളിനാണു കേരളത്തിന്റെ വിജയം.
53-ാം മിനിറ്റിൽ എസ്.ഗോകുലാണ് കേരളത്തിനായി വലകുലുക്കിയത്. മത്സരത്തിന്റെ 76-ാം മിനിറ്റിൽ കേരളത്തിന്റെ സഫ്വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. പിന്നീട് പത്തുപേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ കുതിപ്പിനു തടയാൻ ഉത്തരാഖണ്ഡിനു കഴിഞ്ഞില്ല.
പന്തുമായി കേരളത്തിന്റെ ബോക്സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍ ചെയ്തതിനാണു സഫ്വാന് റെഡ് കാര്‍ഡ് കിട്ടിയത്. സഫ്വാന് ആദ്യം യെല്ലോ കാര്‍ഡാണ് റഫറി നൽകിയത്.
പിന്നീട് ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ ശേഷം ചുവപ്പു കാര്‍ഡ് ആക്കി ഉയര്‍ത്തുകയായിരുന്നു. കേരള താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല.
28 വർഷങ്ങൾക്കു ശേഷമാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടുന്നത്. 1997 ലാണ് അവസാനമായി സ്വര്‍ണം നേടിയത്. 2022 ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും നേടിയിരുന്നു.