കേന്ദ്രം ഞെരുക്കുന്നു എന്ന പതിവ് പല്ലവി കേരളം ആവർത്തിക്കുന്നു: വി. മുരളീധരൻ
Friday, February 7, 2025 8:30 PM IST
തിരുവനന്തപുരം: കോൺക്ലേവുകൾ മാത്രമുള്ള ബജറ്റ് ആണ് നടന്നത് എന്ന് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ. പാമ്പുകടി ഏൽക്കാതിരിക്കാൻ പാമ്പുകളുടെയും, വന്യജീവി ആക്രമണം കുറയാൻ വന്യജീവികളുടെയും കോൺക്ലേവ് മാത്രമേ ഇനി കൂടാനുള്ളു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
50000 കോടി കേന്ദ്രം കൊടുക്കാൻ ഉണ്ടെന്നാണ് മുൻ മന്ത്രി പറയുന്നത്. ഏത് വകയിൽ ആണെന്ന് മാത്രം പറയുന്നില്ല. കിട്ടേണ്ടത് എല്ലാം കേന്ദ്രത്തിൽ നിന്നും കിട്ടുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രം ഞെരുക്കുന്നു എന്ന പതിവ് പല്ലവിയാണ് കേരള സർക്കാർ ആവർത്തിക്കുന്നത്. വയനാട് എത്രപേർക്ക് ടൗൺഷിപ്പിൽ താമസിക്കാൻ കഴിയുമെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം സാമ്പത്തിക ഞെരുക്കം മറികടന്നു എന്നാണ് പറയുന്നത്. പിന്നെ എന്തുകൊണ്ട് സാമൂഹ്യ പെൻഷൻ കൂട്ടിയില്ല എന്ന ചോദ്യം ബാക്കിയാണ്. 2022 ജൂണിൽ ജിഎസ്ടി നഷ്ട പരിഹാരം നൽകുന്നത് നിർത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. തനത് വരുമാനം കൂട്ടാൻ എന്ത് നടപടി എടുത്തു എന്ന് പറഞ്ഞിട്ടില്ല. സംസ്ഥാനം നൽകേണ്ട കണക്കുകൾ നൽകാൻ അഞ്ചു വർഷമാണ് വൈകിയത്.
റവന്യു കമ്മി ഗ്രാന്റ് 52000 കോടി കേരളത്തിന് കിട്ടിയെന്നും മുരളീധരൻ വ്യക്തമാക്കി. ക്ഷേത്രങ്ങളിലേക്കുള്ള അടിസ്ഥാന സൗകര്യ വികസന നീക്കിയിരിപ്പ് ബാലഗോപാൽ, മുഖ്യമന്ത്രി അറിയാതെ ആണ് നടത്തിയത് എന്ന് തോന്നുന്നുവെന്നും മുരളീധരൻ പറഞ്ഞു.