പറവൂരിൽനിന്ന് വ്യാജ രേഖകളുമായി ബംഗ്ലാദേശി ദമ്പതികൾ പിടിയിൽ
Friday, February 7, 2025 8:20 PM IST
കൊച്ചി: വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ താമസമാക്കിയിരുന്ന ബംഗ്ലാദേശികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണ് പിടിയിലായത്.
ഇവർ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. ഓടശ്ശേരി വീട് എന്ന വീട്ടുപേരില്‍ ടിന് ഷീറ്റ് കൊണ്ട് നിര്‍മിച്ച വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
ഇവർ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് പശ്ചിമബംഗാളില്‍നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സംഘടിപ്പിച്ച ശേഷം കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല്കിയ സാക്ഷ്യപത്രം എന്നിവയും ഇവരുടെപക്കൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി.