മുസ്തഫല്‍ ഫൈസിയുടെ സസ്പെന്ഷന്; സമസ്ത - ലീഗ് ബന്ധം കൂടുതല്‍ വഷളാകും?
Friday, February 7, 2025 7:30 PM IST
കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ പ്രസംഗിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സമസ്ത മുശാവറ അംഗം എം.പി. മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡു ചെയ്ത നടപടിയെ തുടര്‍ന്ന് സമസ്ത - ലീഗ് ബന്ധം കൂടുതല്‍ വഷളാകുന്നു.
കടുത്ത ലീഗ് അനുകൂലിയായായ മുശവറ അംഗമാണ് മുസ്തഫല്‍ ഫൈസി. നടപടി ഏകപക്ഷീയമാണെന്നതടക്കമുള്ള ആരോപണങ്ങളാണ്, മുസ്തഫല്‍ ഫൈസിക്കെതിരായി നീക്കത്തെ മുസ്ലിം ലീഗും സമസ്തയിലെ ലീഗ് അനുകൂല പക്ഷവും വിലയിരുത്തുന്നത്.
വ്യാഴാഴ്ച ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണ് മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡു ചെയ്തത്. അദ്ദേഹത്തിനെതിരായ നടപടിയില്‍ സമസ്തയിലെ ലീഗ് അനൂകൂല പക്ഷം എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും അതുമറികടന്നാണ് സസ്പെന്ഷന്.
നടപടിയില്‍ പ്രതിഷേധിച്ച് സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ബഹിഷ്കരിച്ചത് വിഷയത്തില്‍ ലീഗിനുള്ള ശക്തമായ അമര്‍ഷമാണ് വെളിവാക്കുന്നത്.
അതിനിടെ മുസ്തഫല്‍ ഫൈസിയെ സമസ്തയില്‍നിന്ന് സസ്പെന്‍ഡു ചെയ്തതില്‍ വിശദീകരണവുമായി സമസ്ത നേതൃത്വം രംഗത്തെത്തി. മതപണ്ഡിതന്മാരെയും സമസ്തയെയും സമസ്ത പ്രസിഡന്റിനെയും വളരെയധികം ഇകഴ്ത്തി പ്രസംഗിച്ചതിനാണ് എം.പി. മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തത്.
സമസ്തയുടെ മുസ്ലിം ലീഗ് വിരുദ്ധ നിലപാട് കൊണ്ടാണ് മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡു ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചരണത്തിലൂടെ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സൂക്ഷിക്കണമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.