ബജറ്റില്‍ കര്‍ഷകരെ വഞ്ചിച്ചത് പ്രതിഷേധാര്‍ഹം; ഭൂനികുതി വര്‍ധന പിന്‍വലിക്കണം: മോന്‍സ് ജോസഫ്
Friday, February 7, 2025 6:29 PM IST
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കര്‍ഷകജനതയെ പൂര്‍ണമായും വഞ്ചിച്ചിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ. മോന്‍സ് ജോസഫ്. ഇപ്രാവശ്യത്തെ കേരളാ ബജറ്റ് പൂര്‍ണമായും നിരാശാജനകമാണെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.
ഭൂനികുതി 50 ശതമാനം വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം കൃഷിക്കാരെയും സാധാരണക്കാരായ ജനങ്ങളെയും ഏറ്റവും ഉപദ്രവിക്കുന്ന നടപടിയാണ്. ഈ നിര്‍ദ്ദേശം പൂര്‍ണമായും പിന്‍വലിക്കണം. സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്ന നെല്‍കര്‍ഷകരെ സഹായിക്കാനും സംരക്ഷിക്കാനും ബജറ്റില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റബര്‍ വില സ്ഥിരതാ ഫണ്ട് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഒമ്പത് വര്‍ഷം അധികാരത്തിലിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ തയാറാകാത്തത് റബര്‍ കൃഷിക്കാരോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണ്.
നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതു മാത്രമല്ല ഇപ്രാവശ്യത്തെ ബജറ്റില്‍ വെറും 10 രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് കര്‍ഷകരെ ധനകാര്യമന്ത്രിയും സര്‍ക്കാരും കളിയാക്കുകയാണ് ചെയ്തത്. കഴിഞ്ഞ ബജറ്റില്‍ 10 രൂപ കൂട്ടിയതിന്റെ യാതൊരു പ്രയോജനവും കൃഷിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ റബറിന്റെ വില 208 രൂപയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ലഭിക്കുന്നത് 180 രൂപയാണ്.
പൊതുമാര്‍ക്കറ്റില്‍ 28 രൂപ കൂടുതല്‍ ലഭിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയിരിക്കുന്ന വര്‍ധനവുകൊണ്ട് കൃഷിക്കാര്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. തികച്ചും യാഥാര്ത്ഥ്യബോധമില്ലാത്തബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.
റബര്‍ കൃഷിക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യം കണക്കിലെടുത്ത് റബര്‍വില സ്ഥിരതാ ഫണ്ട് 300 രൂപയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും-പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യ പദ്ധതികളും വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. ജനജീവിതത്തിന്റെ എല്ലാ മേഖലകളേയും ബാധിക്കുന്ന പദ്ധതി നിര്‍വഹണ കാര്യങ്ങള്‍ നേര്‍പകുതിയായി വെട്ടിച്ചുരുക്കുന്ന നിലപാടാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. ഇതെല്ലാം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ തകര്ത്തെറിയുന്നതാണെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.