പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു
Friday, February 7, 2025 6:00 PM IST
മലപ്പുറം: പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു. വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നജീബ് കാന്തപുരം എംഎല്‍എയും മറ്റൊരാളും ചേര്‍ന്ന് വിലയുടെ 50 ശതമാനം മാത്രം നല്കിയാല് ലാപ്ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി.
പെരിന്തൽമണ്ണ പോലീസ് ആണ് എംഎൽഎയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ എംഎല്‍എ ഓഫീസില്‍ വച്ച് 21,000 രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.
വാട്സാപ്പിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചു. 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ് നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് അനുപമയുടെ പരാതി.
അതിനിടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ കോളപ്രയിലെ ചൂരക്കുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണനെ (26) കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസമാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.