കാർഷിക മേഖലയെ പൂർണമായും അവഗണിച്ച ബജറ്റ്: ഫ്രാൻസിസ് ജോർജ്
Friday, February 7, 2025 5:23 PM IST
കോട്ടയം: കേരളത്തിലെ കാർഷിക മേഖലയെ പൂർണമായും അവഗണിച്ച ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി. കാർഷിക മേഖല നേരിടുന്ന ഗുരുതരമായ ഒട്ടേറെ വിഷയങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നിർദേശങ്ങളും ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിലോ റബറിന് 250 രൂപ നിരക്കിൽ സംഭരിക്കുമെന്നുള്ള പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഒരു തീരുമാനവും എൽഡിഎഫ് സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിലും ഇല്ല. നെല്ല് സംഭരണത്തെക്കുറിച്ചും മറ്റ് കാർഷികവിളകളുടെ വിലയിടിവ് പരിഹരിക്കുന്നത് സംബന്ധിച്ചും ഒന്നും ബജറ്റിൽ പറയുന്നില്ല.
കാർഷിക മേഖലയെ സഹായിക്കുവാനുള്ള ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ ഭൂനികുതി വർധിപ്പിക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി, കുട്ടനാട് പാക്കേജുകൾക്ക് ഒരു രൂപയും നീക്കിവച്ചിട്ടില്ല. മദ്ധ്യ കേരളത്തെ പാടേ ബജറ്റിൽ അവഗണിച്ചിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ യാതൊരു നിർദ്ദേശവും ഇല്ല.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജീവൻ രക്ഷാമരുന്നുകൾ അടക്കം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന അതിരൂക്ഷമായ ക്ഷാമം പരിഹരിക്കാൻ ഒരു നിർദ്ദേശവും ബജറ്റിൽ ഉണ്ടായിട്ടില്ലന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.