സാധാരണക്കാരന്റെ ജീവിതത്തിൽ കൂടുതൽ പ്രയാസമുണ്ടാക്കുന്ന ബജറ്റ്: കുഞ്ഞാലിക്കുട്ടി
Friday, February 7, 2025 3:44 PM IST
തിരുവനന്തപുരം: സാധാരണക്കാരന്റെ ജീവിതത്തിൽ കൂടുതൽ പ്രയാസമുണ്ടാക്കുന്നതാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
സാധാരണ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കാണാറുള്ളത്. തങ്ങളുടെ ജീവിത നിലവാരത്തെ അത് ഏതൊക്കെ രീതിയിൽ സ്വാധീനിക്കും എന്നതാണ് അതിലെ പ്രധാന താല്പര്യം. എന്നാൽ കഴിഞ്ഞ രണ്ട് പിണറായി സർക്കാരിന്റെ ബജറ്റുകളിലും ഒട്ടും പ്രതീക്ഷയില്ലെന്ന് മാത്രമല്ല നെഞ്ചിടിപ്പോട് കൂടിയാണ് ജനം സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലുള്ള പ്രതീക്ഷയും ആശ്വാസവും ജനങ്ങൾക്ക് കൊടുക്കാൻ കഴിഞ്ഞ എട്ട് വർഷത്തെ ബജറ്റിലും സാധിച്ചിട്ടില്ല. ക്ഷേമ പെൻഷൻ കൂട്ടാത്ത സർക്കാർ ഭൂനികുതി കുത്തനെ കൂട്ടി. ഇന്ധന വില ജീവിത ബജറ്റ് താളം തെറ്റിക്കുന്ന നാട്ടിൽ ഒരു ബദൽ പ്രതീക്ഷയായി കാണുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന കോടതി വ്യവഹാരത്തിന് ഫീസ് കൂട്ടിയാൽ നിവൃത്തിയില്ലാതെ കോടതി വ്യവഹാരത്തിൽ പെടുകയും കൈയിൽ പണമില്ലാതിരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ സ്ഥിതി എന്താകും.
വികസന മേഖലയിൽ അൻപത് ശതമാനമാണ് വെട്ടിക്കുറച്ചത്. വയനാടിന് കേന്ദ്രം ഒന്നും കൊടുത്തില്ല. കേരളം എന്താണ് കൊടുത്തത്. 750 കോടി, ഈ നാട്ടിലെ വ്യക്തികളും സംഘടനകളും അതിലേറെ കൊടുത്തിട്ടുണ്ട്. സർക്കാരിന്റെ കൈയിൽ പണമില്ലെന്നാണ് പറയുന്നത്. അതിന് ജനങ്ങളെ ചൂഷണം ചെയ്യലാണോ പരിഹാരം.
വികസന, ക്ഷേമ മുരടിപ്പിലേക്ക് കേരളത്തെ നയിച്ച എട്ട് വർഷമാണ് കടന്ന് പോകുന്നത്. യുഡിഎഫിന്റെയും ഉമ്മൻ ചാണ്ടിയുടെയും സ്വപ്ന പദ്ധതികളുടെ പിതൃത്വം പേറി എത്ര കാലം ഇനിയും മുന്നോട്ട് പോകും. അഭ്യസ്തവിദ്യരായ പുതുതലമുറയൊക്കെ കാര്യം മനസിലാക്കി നാടുവിടാൻ തുടങ്ങി. സമീപകാലത്ത് മൈഗ്രേറ്റ് ചെയ്ത ആളുകളുടെ എണ്ണം എടുത്താൽ വസ്തുത മനസിലാകും.
ചുരുക്കത്തിൽ ഞങ്ങളെ ഈ പണിക്ക് പറ്റില്ല, ഞങ്ങളെ കൊണ്ട് ഇത് കഴിയൂല, അതുകൊണ്ട് തന്നെ ഞങ്ങൾക്കിനി ഒന്നും പറയാനില്ല എന്ന വ്യക്തമായ തുറന്ന് പറച്ചിൽ പ്രസംഗമായി ബജറ്റ് ഒതുങ്ങിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.