ബ്രൂവറിക്ക് റവന്യൂ വകുപ്പിന്റെ വെട്ട്; ഒയാസിസിന്റെ അപേക്ഷ തള്ളി ആര്‍ഡിഒ
Friday, February 7, 2025 3:22 PM IST
പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്. ഭൂമി തരം മാറ്റത്തിന് ഒയാസിസ് കന്പനി നൽകിയ അപേക്ഷ പാലക്കാട് ആർഡിഒ തള്ളി.
നാല് ഏക്കറിൽ നിർമാണ പ്രവർത്തനത്തിന് ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഒയാസിസ് അപേക്ഷ നൽകിയത്. എന്നാൽ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും കൃഷി ചെയ്യണമെന്നും ആർഡിഒ നിർദേശിച്ചു.
ഭൂമിയിൽ അനധികൃത നിർമാണം നടന്നാൽ കൃഷി ഓഫീസർ നടപടി സ്വീകരിക്കണമെന്നും ആർഡിഒ നിർദേശം നൽകി. ബ്രൂവറിയിൽ സിപിഐയുടെ എതിർപ്പ് തുടരുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി വരുന്നതെന്നത് ശ്രദ്ദേയമാണ്.
അതേസമയം റവന്യൂവകുപ്പ് നടപടി പദ്ധതിയെ ബാധിക്കില്ലെന്നാണ് ഒയാസിസിന്റെ വിശദീകരണം. 25 ഏക്കര്‍ തങ്ങളുടെ കൈവശമുണ്ട്. പദ്ധതിക്ക് വേണ്ടത് 15 ഏക്കര്‍ മാത്രമാണ്. പദ്ധതിക്കാവശ്യമായ ഭൂമി തരം മാറ്റേണ്ട കാര്യമില്ലെന്നും ഒയാസിസ് അവകാശപ്പെട്ടു.