അനന്തു കൃഷ്ണന് പ്രധാനമന്ത്രിയെ കണ്ടത് എങ്ങനെയെന്നു സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ
Thursday, February 6, 2025 11:04 PM IST
പാലക്കാട്: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് പ്രധാനമന്ത്രിയെ കണ്ടത് എങ്ങനെയെന്നു സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ദീർഘ കാലം പാർട്ടി പ്രവർത്തനം നടത്തിയ സീനിയർ നേതാക്കൾക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യർ ചോദിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അദ്ദേഹത്തെ സന്ദർശിക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്ത് അംഗീകരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതലയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതി എന്ന പേരിലാണെന്നും മിക്കവാറും എല്ലാ പരിപാടികളിലും ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ സജീവ സാന്നിധ്യമായിരുന്നുവെന്നും സന്ദീപ് നേരത്തെ പറഞ്ഞിരുന്നു.
രാധാകൃഷ്ണനെ സംരക്ഷിക്കാൻ കെ .സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണെന്നും സന്ദീപ് കുറ്റപ്പെടുത്തിയിരുന്നു. സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികളുടെ തട്ടിപ്പാണ് അനന്തു കൃഷ്ണന് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആയിരക്കണക്കിന് സ്ത്രീകളുടെ കെട്ടു താലി വരെ പണയം വെപ്പിച്ച് പണം തട്ടിയ ആളുകൾ ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നും സന്ദീപ് പറഞ്ഞിരുന്നു.