വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Thursday, February 6, 2025 3:32 PM IST
കോട്ടയം: വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്.
മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജനുവരി ആറിന് ജോർജ് ഒരു ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. പോലീസ് കേസെടുത്തതോടെ ജോർജ് കോടതിയെ സമീപിക്കുകയായിരുന്നു.
നാല് തവണ മാറ്റിവച്ച ഹർജിയിൽ കോടതി ബുധനാഴ്ച വിശദമായ വാദം കേട്ടു. ജോർജിന് ചില നാക്കുപിഴകൾ ഉണ്ടായതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് ജോർജിനെതിരെ പരാതി നൽകിയത്.