ഷാരോണ്‍ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയില്‍
Thursday, February 6, 2025 9:50 AM IST
കൊച്ചി: ഷാരോണ്‍ വധക്കേസ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീൽ നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
രാവിലെ 11ന് ഹൈക്കോടതി ഹർജി പരിഗണിക്കുമെന്നാണ് വിവരം. കേസിൽ രണ്ടാഴ്ച മുമ്പാണ് നെയ്യാറ്റിന്‍കര കോടതി വധശിക്ഷ വിധിച്ചത്.
2022 ഒക്ടോബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ അമ്മ സിന്ധു കുടിക്കുന്ന കഷായത്തിൽ കാപിക്ക് എന്ന മാരക വിഷം കലർത്തിയ ശേഷം ഗ്രീഷ്മ ഷാരോണിനെ കുടിപ്പിച്ചുവെന്നാണ് കേസ്. വിഷം കലർത്തിയ കഷായം കുടിച്ച ഷാരോൺ രാജ് പതിനൊന്നു ദിവസം കഴിഞ്ഞ് മെഡിക്കൽ കോളജിൽവച്ച് മരിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന ശില്പ രൂപീകരിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.