വെള്ളത്തിൽ വിഷം കലർത്തി നൽകി മകനെ കൊന്നു; പിതാവ് അറസ്റ്റിൽ
Thursday, February 6, 2025 5:09 AM IST
അഹമ്മദാബാദ്: വെള്ളത്തിൽ വിഷം കലർത്തി നൽകി മകനെ കൊന്ന യുവാവ് അറസ്റ്റിൽ. അഹ്മദാബാദിലെ ബാപ്പുനഗറിലാണ് സംഭവം.
സോഡിയം നൈട്രേറ്റ് കലർത്തിയ വെള്ളം നൽകിയാണ് 10 വയസുള്ള മകനെ കൽപേഷ് ഗോഹെൽ (47) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കൽപേഷ് ഗോഹെൽ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു.
വീട്ടിൽ വച്ച് ഛർദ്ദി തടയാൻ കൽപേഷ് തന്റെ മകൻ ഓമിനും 15 വയസുള്ള മകൾ ജിയക്കും മരുന്ന് നൽകിയതായി പെൺകുട്ടിയുടെ മൊഴി ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് സോഡിയം നൈട്രേറ്റ് കലർത്തിയ വെള്ളം ഇയാൾ മകന് നൽകിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിഷം കഴിച്ച മകന്റെ മോശം അവസ്ഥ കണ്ടതോടെ ഇയാൾ വീട്ടിൽ നിന്ന് ഓടിപ്പോകുകയായിരുന്നു.
വെള്ളം കുടിച്ച ഉടൻ തന്നെ കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. കുടുംബാംഗങ്ങൾ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
അറസ്റ്റിന് പിന്നാലെ മകന് നൽകിയ വെള്ളത്തിൽ 30 ഗ്രാം സോഡിയം നൈട്രേറ്റ് കലർത്തിയതായി ഇയാൾ സമ്മതിച്ചതായി എഫ്ഐആർ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (1) (കൊലപാതകം) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.