മകനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Thursday, February 6, 2025 4:10 AM IST
ബംഗുളൂരു: കർണാടകയിൽ മകൻ പഠിക്കുന്ന സ്കൂളിന് സമീപത്ത് വച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ബംഗുളൂരുവിലെ ആനേക്കൽ ടൗണിന് സമീപം ഹെബ്ബഗോഡി വിനായകനഗറിലാണ് സംഭവം.
29കാരിയായ ശ്രീഗംഗയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മോഹൻരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇരുവർക്കും ആറു വയസുള്ള മകനുണ്ട്.
രണ്ട് വർഷം മുൻപ് മുതൽ ഭാര്യക്ക് തന്റെ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് മോഹൻരാജ്, ശ്രീഗംഗയുമായി പതിവായി വഴക്കിട്ടിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി മോഹൻരാജ് കുട്ടിയെ കാണാൻ ഭാര്യയുടെ വസതിയിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബുധനാഴ്ച രാവിലെ ശ്രീഗംഗ മകനെ സ്കൂളിൽ വിടാൻ ബൈക്കിൽ പോകുമ്പോൾ കാത്തുനിന്ന മോഹൻരാജ് റോഡിന് നടുവിൽ വച്ച് യുവതിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രീഗംഗയെ ദൃക്സാക്ഷികൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.