കോട്ടയം നഗരസഭയിൽ നിന്ന് രണ്ടരക്കോടി തട്ടിയ കേസ്; ജീവനക്കാരൻ പിടിയിലായതായി സൂചന
Wednesday, February 5, 2025 9:20 PM IST
കോട്ടയം: നഗരസഭയിലെ പെന്ഷന് ഫണ്ടില്‍നിന്നു രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത മുന്‍ ക്ലാര്‍ക്ക് അഖില്‍ സി. വര്‍ഗീസ് പോലീസ് വലയിലായതായി സൂചന. ഇയാള്‍ കേരളത്തില്‍ത്തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന് വ്യക്തമായ സൂചന പോലീസിനു ലഭിച്ചു.
കേരള-തമിഴ്നാട് അതിര്‍ത്തിയിലാണു പ്രതിയുള്ളത്. തമിഴ്നാട്ടിലേക്കു കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൊടൈക്കനാല്‍, മൈസൂരു, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിത്താമസത്തിനു ശേഷമാണു ഇയാൾ കേരളത്തില്‍ എത്തിയത്.
വിദേശത്തേക്കു കടക്കാനുള്ള പഴുതുകളച്ച് വിജിലന്‍സ് അന്വേഷണം ശക്തമാക്കി. നഗരസഭയില്‍ ജീവനക്കാരനായിരിക്കെ പെന്ഷന് ഫണ്ടില്‍നിന്ന് അമ്മയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതല്‍ 2023 ഒക്ടോബര്‍ 16 വരെയുള്ള കാലയളവില്‍ രണ്ടര കോടി അയച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
കോട്ടയം വെസ്റ്റ് പോലീസ് 2024 ഓഗസ്റ്റ് എട്ടിനു രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. അതിനുശേഷം വിജിലന്‍സിനു കൈമാറുകയായിരുന്നു. സംഭവത്തില്‍ നഗരസഭാ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.