"രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രി'; അത് കൊടും ചതിയായിപ്പോയെന്ന് പിണറായി
Wednesday, February 5, 2025 8:31 PM IST
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രി എന്നുവിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലാണ് അവതാരകൻ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചത്.
ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗത പ്രസംഗകന് പറഞ്ഞപ്പോൾ അത് ആ പാര്‍ട്ടിയില്‍ വലിയ ബോംബ് ആയി മാറുമെന്നായിരുന്നു പിണറായിയുടെ കമന്റ്. ഒരുപാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന കാര്യമാണ് സ്വാഗത പ്രസംഗകന് പറഞ്ഞത്.
ഞാന്‍ ആ പാര്‍ട്ടിക്കാരനല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാലോ?. അത് കൊടും ചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂര്‍വം പറയാനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് വേദിയിലുള്ള രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ക്ക് ചിരിവന്നു.