കിണർ ഇടിഞ്ഞു വീണു; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം
Wednesday, February 5, 2025 8:00 PM IST
കോട്ടയം: നിർമാണത്തിലിരുന്ന കിണറ്റിലേക്ക് മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടയം മീനച്ചിലുണ്ടായ അപകടത്തിൽ തമിഴ്നാട് കമ്പം സ്വദേശി രാമൻ (48) ആണ് മരിച്ചത്.
പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കിണറാണ് ഇടിഞ്ഞു വീണത്. മണ്ണ് ഇടിഞ്ഞു വീണതിനെ തുടർന്ന് കിണറ്റിനുള്ളിൽ കുടുങ്ങിയ രാമനെ ആറു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കിണറിന്റെ അടിയിലുള്ള പാറ പൊട്ടിച്ചു നീക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.