ബ്രഹ്മപുരം മാലിന്യമുക്തമാകുന്നു; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി
Wednesday, February 5, 2025 7:41 PM IST
തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യങ്ങൾ നീക്കി മനോഹരമായ ഇടമാക്കി മാറ്റുമെന്ന സർക്കാരിന്റെ വാക്ക് യാഥാർഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ മൈനിംഗ് 75 ശതമാനം പൂർത്തിയാക്കി.
18 ഏക്കറോളം ഭൂമി വീണ്ടെടുക്കാൻ സാധിച്ചു. ഇങ്ങനെ വീണ്ടെടുത്ത സ്ഥലങ്ങളിൽ ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ ബയോമൈനിംഗ് പൂർത്തിയാക്കും.
ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി 706.55 കോടിയുടെ വിപുലമായ ഒരു മാസ്റ്റർപ്ലാൻ സർക്കാരിന്റെ പരിഗണനയിലാണ്. ഈ പ്ലാൻ നടപ്പിലാവുന്നതോടെ സുന്ദരവും ഉന്മേഷദായകവുമായ ഇടമായി ബ്രഹ്മപുരം മാറും.
ഇതോടെ ബ്രഹ്മപുരം നാടിന്റെയാകെ ആകർഷണ കേന്ദ്രമായി മാറുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.