എസ്എഫ്ഐ സമരപന്തൽ പൊളിച്ചു നീക്കി; കേരള സർവകലാശാല ആസ്ഥാനത്ത് വൻ സംഘർഷം
Wednesday, February 5, 2025 5:50 PM IST
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് പോലീസും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി. സർവകലാശാല സ്റ്റുഡന്റസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ സമരത്തിലായിരുന്നു.
സർവകലശാലയുടെ പ്രധാന കവാടത്തിനു മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന എസ്എഫ്ഐ പ്രവർത്തകരെ നീക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ പോലീസിന് കത്ത് നൽകിയിരുന്നു. കത്ത് നൽകിയതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.
സമരം നടത്തുന്ന എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയായിരുന്നു സംഘർഷമുണ്ടായത്. പ്രവർത്തകരുമായി പോയ പോലീസ് ജീപ്പ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
പോലീസ് വാഹനത്തിന് മുകളിൽ കയറി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നന്ദു പ്രതിഷേധിച്ചു. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കും പോലീസിനും പരിക്കേറ്റു.
പിന്നീട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ നേതൃത്വത്തൽ സമരം ആരംഭിച്ചെങ്കിലും പോലീസ് ഇവരെയും അറസ്റ്റ് ചെയ്തു നീക്കി. ഇതിനു പിന്നാലെ സമര പന്തലും പോലീസ് പൊളിച്ചു നീക്കി.