ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വൈകുന്നേരം മൂന്ന് വരെ 46 ശതമാനം പോളിംഗ്
Wednesday, February 5, 2025 5:01 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകുന്നേരം മൂന്ന് വരെ 46.55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് വരെ തുടരും.
നഗരപ്രദേശങ്ങളിൽ പോളിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ന്യൂനപക്ഷ മേഖലകളിലാണ് പോളിംഗ് ഉയർന്നിരിക്കുന്നത്. കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് സീലംപുർ, ജങ്പുര, കസ്തൂർബ നഗർ എന്നിവിടങ്ങളിലുണ്ടായ ചില പ്രശ്നങ്ങളെ ഒഴിച്ചാൽ ഉച്ചവരെ വോട്ടിംഗ് സമാധാനപൂർണമായിരുന്നു.
മൂന്ന് വരെ മുസ്തഫാബാദ് സീറ്റിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് - 56.12 ശതമാനം. രണ്ടാം സ്ഥാനത്ത് സീലംപുരാണ് - 54.29 ശതമാനം.