ഐസിസി ട്വന്റി20 റാങ്കിംഗ്: അഭിഷേക് ശർമയ്ക്ക് വൻ നേട്ടം, സഞ്ജുവിന് തിരിച്ചടി
Wednesday, February 5, 2025 3:23 PM IST
ദുബായി: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ വെടിക്കെട്ട് ബാറ്റിംഗിനു പിന്നാലെ റാങ്കിംഗിലും കുതിച്ചുകയറി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഐസിസി ട്വന്റി20 ബാറ്റിംഗ് റാങ്കിംഗില്‍ 38 സ്ഥാനങ്ങള്‍ കയറി രണ്ടാം സ്ഥാനത്തേക്ക് താരമെത്തി. 829 റേറ്റിംഗ് പോയിന്റുകളാണ് അഭിഷേക് ശർമയ്ക്കുള്ളത്.
അതേസമയം, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോൾ നാലാം സ്ഥാനത്തുണ്ടായിരുന്ന നായകൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനമിറങ്ങി അഞ്ചാമതായി. 855 റേറ്റിംഗ് പോയിന്റുള്ള ഓസീസ് താരം ട്രാവിസ് ഹെഡ് ആണ് ഒന്നാമത്.
യശസ്വി ജയ്സ്വാള്‍(12), ഋതുരാജ് ഗെയ്ക്വാദ്(21) എന്നിങ്ങനെ മറ്റു താരങ്ങളെത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് മലയാളി താരം സഞ്ജു സാംസൺ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്താണെത്തിയത്.
അതേസമയം, ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി മൂന്ന് റാങ്കുകൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 705 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. ഇതേ റേറ്റിംഗ് പോയിന്റുള്ള ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് രണ്ടാം സ്ഥാനത്താണ്. 707 റേറ്റിംഗ് പോയിന്റുമായി വെസ്റ്റ് ഇന്‍ഡീസിന്റെ അക്കീല്‍ ഹൊസൈനാണ് ഒന്നാമത്.
ഇന്ത്യയുടെ രവി ബിഷ്ണോയ് നാലു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം, അര്‍ഷ്ദീപ് സിംഗ് ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തായി. ഓള് റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ഒന്നാമത്.