അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ വിമാനം ഇന്ത്യയിലെത്തി
Wednesday, February 5, 2025 3:07 PM IST
അമൃത്സർ: അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സൈനികവിമാനം ഇന്ത്യയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 1.56നാണ് വിമാനം അമൃത്സറിലെത്തിയത്. 104 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.
ഗുജറാത്തിൽനിന്ന് കുടിയേറിയ 33 പേരും പഞ്ചാബിൽനിന്ന് കുടിയേറിയ 30 പേരും ഹരിയാനയിൽനിന്നുള്ള 33 പേരും ഛണ്ഡീഗഡിൽനിന്നുള്ള രണ്ട് പേരും മഹാരാഷ്ട്രക്കാരായ മൂന്ന് പേരുമാണ് വിമാനത്തിലുള്ളത്.
വിമാനത്തിലെത്തിയവർ ഇന്ത്യക്കാരാണോ എന്ന് പരിശോധിച്ചുവരികയാണ്. പരിശോധനകൾ പൂർത്തിയായശേഷമേ ഇവരെ പുറത്തേയ്ക്ക് ഇറക്കുകയുള്ളു.
രേഖകളില്ലാതെ അമേരിക്കയിൽ തുടരുന്ന വിദേശപൗരൻമാരെ കുടിയൊഴിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്നാണു നാടുകടത്തൽ. ഇന്ത്യയ്ക്കു പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് രാജ്യങ്ങളിൽനിന്നുള്ളവരെയാണ് നിലവിൽ നാടുകടത്തുന്നത്.
ആദ്യഘട്ടത്തിൽ മടക്കി അയയ്ക്കാനുള്ള 18000 ഇന്ത്യക്കാരുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. ഇവരെ ഘട്ടംഘട്ടമായി ഇന്ത്യയിലേക്കു കയറ്റിവിടും. ഇന്ത്യക്കാരായ 7,25,000 അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണു കണക്ക്.