പകുതി വിലയ്ക്ക് സ്കൂട്ടർ; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി
Wednesday, February 5, 2025 12:36 PM IST
കണ്ണൂര്‍: പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ സംസ്ഥാനത്ത് ആയിരത്തിലധികം പരാതികൾ.
രണ്ട് വർഷം മുൻപ് ജില്ലകളിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയാണ് കോടികൾ സമാഹരിച്ചത്. പ്രമോട്ടർമാരും തട്ടിപ്പിൽ പെട്ടുപോയിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ ടൗൺ പോലീസെടുത്ത കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റും പ്രതിയാണ്.
കണ്ണൂർ ബ്ലോക്കിൽ 494 പേരിൽ നിന്ന് മൂന്നു കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണൻ ഉള്‍പ്പെടെ ഏഴു പ്രതികളാണുള്ള്. ഇതിൽ ഏഴാം പ്രതിയാണ് നിയമോപദേഷ്ടാവായ ലാലി വിന്‍സെന്റ്.
സംസ്ഥാനത്താകെ നടന്ന തട്ടിപ്പിന്റെ വ്യാപ്തി ആയിരം കോടിയോളം വരുമെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പ് കേസിന്റെ അന്വേഷം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം ഏറ്റെടുക്കും. പ്രതി അനന്തു കൃഷ്ണന്റെ രാഷ്ട്രീയ ബന്ധങ്ങളിൽ അന്വേഷണം ഉണ്ടാകും.
അനന്തു കേസിൽ ബലിയാടായതാണെന്നും നിയമോപദേശം താൻ നൽകിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ബന്ധമില്ലെന്നും ലാലി വിന്‍സെന്റ് പ്രതികരിച്ചു.