ചാമ്പ്യൻസ് ട്രോഫി: ഓസീസിന് തിരിച്ചടി; നായകൻ പാറ്റ് കമ്മിൻസ് കളിച്ചേക്കില്ല
Wednesday, February 5, 2025 12:31 PM IST
സിഡ്നി: ചാംപ്യന്‍സ് ട്രോഫി ടൂർണമെന്റിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റ നായകൻ പാറ്റ് കമ്മിന്‍സിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്.
ഓസ്ട്രേലിയന്‍ പരിശീലകന് ആൻഡ്രൂ മക്ഡൊണാള്‍ഡാണ് ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. പരിക്കേറ്റ ജോഷ് ഹേസിൽവുഡിനും ടൂർണമെന്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാറ്റ് കമ്മിൻസ് ഇനിയും ബൗളിംഗ് തുടങ്ങിയിട്ടില്ല. ഇക്കാരണത്താൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണെന്നാണ് ആൻഡ്രൂ മക്ഡൊണാൾഡ് ഓസ്ട്രേലിയയിലെ ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരില്‍ ഒരാളായിരിക്കും കമ്മിന്‍സിനു പകരം ഓസീസ് ടീമിനെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കും ഭാര്യയുടെ പ്രസവവും പരിക്കും കാരണം കമ്മിന്‍സ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്നു. സ്റ്റീവ് സ്മിത്താണ് പരമ്പരയിൽ ഓസീസിനെ നയിക്കുന്നത്.
അതേസമയം, പരിക്കേറ്റ് പുറത്തുള്ള ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനു പകരം യുവതാരം ബ്യൂ വെബ്സ്റ്ററെ ഓസീസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈമാസം 12നാണ് ഓരോ ടീമുകളും തങ്ങളുടെ അന്തിമ സ്ക്വാഡ് ലിസ്റ്റ് സമർപ്പിക്കേണ്ടത്.